Sunday, September 27, 2015

സെൽഫി



------------
"തേന്നേ... നിങ്ങള് പറഞ്ഞാ വിശ്വസിക്കൂല..എന്തൊരു ഇടിയായിരുന്നോന്നാ !...ബസ്സീ ഞാനുണ്ടായിരുന്നു...ഇരുചക്രത്തില്‍ അവന്‍റെ വരവിന്‍റെ ധൃതി കണ്ടാലറിയായിരുന്നു ഭൂമിയോട് കലഹിച്ചു വരണ വരവാണെന്ന്..."



വാക്ചാതുര്യം കൊണ്ട് ഏത് കാഴ്ചയും തന്‍റെ വരുതിയില്‍ നിര്‍ത്തുന്ന കേശവന്‍ നായരുടെ ഇന്നത്തെ ഇര രാവിലെ നടന്ന വാഹനാപകടത്തില്‍ മരിച്ച ചെറുപ്പക്കാരനായിരുന്നു. ചായക്കടയിലെ മരബഞ്ചില്‍ ചുവരുകളുടെ മൂലയോട് പറ്റിയിരുന്ന് കേശവന്‍ നായര്‍ വാചാലനായി. കേള്‍വിക്കാരില്‍, എഴുപതുകളില്‍ എസ്.എസ്.എല്‍.സി. എഴുതി പൊരുതിത്തോറ്റ നാലു തല നരച്ചവര്‍ ഒഴികെയുള്ളവര്‍ ചായ കുടിച്ചെഴുന്നേറ്റു പോയി. അപ്പോഴും കേശവന്‍ നായരുടെ നാവ് ഭരണഘടനയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പിന്‍ബലത്തില്‍ ചലിച്ചുകൊണ്ടേയിരുന്നു.

മരണത്തിനു കാരണം ഇരുചക്ര ശകടം തന്നെയായിരുന്നു എന്നതായിരുന്നു കേശവന്‍ നായരുടെ വാദം. കുരങ്ങില്‍ നിന്നാണ് മനുഷ്യന്‍ പരിണമിച്ചതെന്ന പാഠ ഭാഗം പഠിപ്പിക്കുന്ന അദ്ധ്യാപകനെയെന്നപോലെ തോറ്റുപോയ നാല്‍വര്‍ കേട്ടിരുന്നു. അവര്‍ക്ക് പക്ഷെ പ്രത്യേക അഭിപ്രായങ്ങളോന്നുമുണ്ടായിരുന്നില്ല.



കേശവന്‍ നായരുടെ സംസാരം കേട്ടുകൊണ്ടാണ് നാട്ടിലെ ഫ്രീക്കന്‍മാരുടെ "ചങ്ക് ബ്രോ" എന്നറിയപ്പെടുന്ന "ചുക്കു ചുങ്ക്സ് പോപ്‌ " എന്ന ഷുക്കൂര്‍ ചായക്കടയിലേക്ക്‌ കയറി വന്നത്. കെട്ടിലും മട്ടിലും പേരിലുമെല്ലാം ലക്ഷണമൊത്ത ഫ്രീക്കനാണെങ്കിലും, ചുണ്ണാമ്പ് തടവാന്‍ വെറ്റിലയും ചെവിയില്‍ തിരുകാന്‍ വെറ്റില വള്ളിയും ഒരു വിരോധാഭാസം പോലെ ചുങ്ക്സിന്‍റെ കയ്യില്‍ എപ്പോഴുമുണ്ടാകും.

വെറ്റിലയില്‍ രണ്ടു വട്ടം തലോടിയതിനു ശേഷം ചുങ്ക്സ് കേശവന്‍ നായരോടെന്നപ്പോലെ പറഞ്ഞു തുടങ്ങി.

"ആ ബസ്‌ ഡ്രൈവറാണെല്ലാറ്റിനും കാരണം.., അവനെ ഞങ്ങളിന്ന് ബ്ലോക്കി, ആദ്യ പോക്ക്-ല്‍ തന്നെ അവന്‍റെ എല്ലൊടിഞ്ഞിട്ടുണ്ട്. പിന്നെ ഞങ്ങ ഫ്രീക്കേഴ്സ് ഒന്നു കമന്‍റടിച്ചപ്പോഴേക്കും അവനെ ഷയര്‍ ചെയ്യാന്‍ പോലും പറ്റാത്ത കോലത്തിലായി... അവനെ ഹോസ്പിറ്റലില്‍ പോസ്റ്റ്‌ ചെയ്തു വരുന്ന വഴിയാ...."

കേശവന്‍ നായരും സംഘവും മിഴിച്ചിരിക്കുകയായിരുന്നു. ന്യൂജന്‍ വാക്കുകള്‍ ശബ്ദതാരാവലിയില്‍ ഏതു ഭാഗത്തായിരിക്കും എന്ന ചിന്തയിലായിരുന്നു അവര്‍. ഡിക്ഷണറിയില്‍ നോക്കാമെന്ന തീരുമാനത്തോടെ കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാന്‍ അവരുടെ തലക്കനം സമ്മതിച്ചില്ല.



"അല്ലാ... മരിച്ചു പോയവനിക്ക് വേണ്ടി നിങ്ങളെന്ത് ചെയ്തു...,അവന്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവനായിരുന്നല്ലോ... അല്ലിയോ...? "

കേശവന്‍ നായരുടെ ചോദ്യം കേട്ട് ഇതിലെന്ത് പുതുമ എന്ന നിലയില്‍ "ചങ്ക് ബ്രോ"  തലയുയര്‍ത്തി.
പിന്നെ മുഖത്തല്‍പ്പം വിഷാദം കലര്‍ത്തി ടച്ച്‌ സ്ക്രീന്‍ ഉയര്‍ത്തി കാണിച്ചു.



"അവന്‍ അവസാനമെടുത്ത സെല്‍ഫിയാ..., ഈ സെല്‍ഫി എടുക്കുമ്പോഴായിരുന്നു കാലമാടന്‍ ബസ്സവനെ സ്വര്‍ഗത്തിലേക്ക് ഷെയര്‍ ചെയ്തത്...ഞങ്ങ ഫ്രീകേര്‍സ്  അവന്‍റെ അവസാന സെല്‍ഫി പ്രൊഫൈല്‍ പിക്ചര്‍ ആക്കി...,  ഓരോ നോട്ടിഫിക്കേഷനും അവനവിടെയിരുന്ന് വായിക്കുന്നുണ്ടാവും..."



വാക്കുകള്‍ പെയ്തു തീര്‍ന്നതുപോലെ മൗനം തളം കെട്ടി നിന്ന ചായകടയില്‍ നിന്നിറങ്ങി പഞ്ചാരമണലിലൂടെ കേശവന്‍ നായര്‍ എന്തിനോ തിടുക്കത്തിൽ നടന്നു.