Sunday, October 26, 2014

മരുഭൂകനവ്‌


ജാലകവാതിലുകള്‍ക്കപ്പുറം
മരുഭൂവ് കാണാമെനിക്കു
നീലാകാശവും.
ഈത്തപ്പന ചോടോളം
കനലായി നിന്ന വേനലും
മൗനിയാണ്
വരാനിരിക്കുന്ന
മഴമേഘങ്ങളെയും
പ്രതീക്ഷിച്ചു.

വിണ്ടുകീറിയ
വേനലിന്‍  നൊമ്പരം
പ്രവാസിയെന്നു മൊഴിയുന്നു.

മൗനനൊമ്പരങ്ങളുടെ
താഴ്വരയില്‍
കനലെരിയാന്‍ നേരം
പ്രവാസി പൊഴിച്ച
തോരാമഴയോളം
ഒരു ഇടവപ്പാതിയും
കരയാറില്ല.
വിതുമ്പിയാലൊട്ടും
കാണാനാളുമില്ല.
കാര്യം അവനൊരു
പ്രവാസിയാണ്.

വേനലിന്‍ കനവില്‍
ഋതുമന്ദഹാസം പൊഴിച്ച്
മഴവില്‍ ഞാണിലൊരു
മിന്നല്‍ കോര്‍ത്തു വെച്ച്
ഉന്നം പിടിക്കുന്നുണ്ടൊരു
മഴമേഘം
ദാഹം പൂണ്ട
മരുഭൂമി നാവ് നീട്ടി
മരുപച്ചക്ക് മേല്‍
മഴമേഘം കനിഞ്ഞു
ഒരു തുള്ളി,ഇരുതുള്ളി
ഒടുവില്‍ അതും നിലച്ചു

Tuesday, October 14, 2014

നല്ലൊരു ഭാവിയുണ്ട് ട്ടോ..!


ഡിസംബര്‍  മാസത്തിലെ അവസാന പരീക്ഷയുടെ തലേ ദിവസം ഞാന്‍  ആ ഡയറിയുടെ കഴിഞ്ഞ താളുകളിലൂടെ ഒന്ന് കണ്ണോടിച്ചു.
ജീവിത വഴിയില്‍ കണ്ട മുഖങ്ങള്‍ക്കു അക്ഷരചാര്‍ത്തു നല്‍കി മിഴിവേകിയപ്പോള്‍  കണ്ണീരിന്‍റെ മുഖാവരണമണിഞ്ഞു ഒരുപാട് പേര്‍ എന്നിലേക്ക്‌ ഉറ്റുനോക്കുന്നു,അവരോടൊക്കെയും പറയേണ്ടിയിരുന്ന ഒരുപാട് ഉത്തരങ്ങള്‍ വാക്കുകള്‍ മുറിഞ്ഞും,അക്ഷരങ്ങളടര്‍ന്നും എന്നിലേക്ക്‌ തന്നെ തിരിച്ചു വന്നപ്പോള്‍ എന്‍റെ കണ്ണിലെ അവസാന തുള്ളിയും അടര്‍ന്നു കഴിഞ്ഞിരുന്നു.എഴുത്തിന്‍റെ വഴികളില്‍ പിച്ചവെക്കാന്‍ ആഗ്രഹിച്ച മനസ്സിനെ മറ്റൊരു വഴിക്ക് കൊണ്ട് പോകാന്‍ ഒരല്‍പ്പം വിഷമം അലട്ടാതിരുന്നില്ല.


അനുഭവങ്ങളാണ് അക്ഷരങ്ങളാക്കേണ്ടതെന്നു ഗുരു പറഞ്ഞത് മുതല്‍ ഓരോ അനുഭവങ്ങളെയും കോര്‍ത്തു വെച്ച് പത്ര ഓഫീസിലേക്കും,വാരാന്ത്യങ്ങളിലേക്കും,തൊടുത്തു വിട്ടിട്ടും മറുപടി കിട്ടാതെ ഒടുവില്‍ ചവറ്റു കൊട്ടയില്‍ കിടന്നു ദീര്‍ഘ നിശ്വാസം വലിക്കുന്നുണ്ടാകും എന്നാശ്വസിച്ചു ഓരോ രചനകളും അന്ത്യശ്വാസം വലിച്ചു.


മറ്റാരും കാണാതെ ഞാന്‍ സൂക്ഷിച്ച ഒരുപാട് രഹസ്യങ്ങള്‍ ഇതിനോടകം തന്നെ ഡയറിയില്‍ അക്ഷര രൂപം പൂണ്ടിരുന്നു.ഒരല്‍പ്പം ആശ്വാസത്തിനായി ഞാന്‍ കുറിച്ചിട്ട ഒരുപാട് കഥകളും,അതിലേറെ അനുഭവങ്ങളും,നീലമഷി കൊണ്ട് അടയാളപ്പെട്ടു കഴിഞ്ഞിരുന്നു.അതിലെ അക്ഷരങ്ങള്‍ക്ക് ഒരിക്കലും അച്ചടിമഷിപുരളാന്‍ ഭാഗ്യമുണ്ടാവില്ലെന്നു മനസ്സ് പറഞ്ഞു തുടങ്ങിയപ്പോള്‍   മാറ്റങ്ങള്‍ ആവശ്യമെന്ന് തിരിച്ചറിയുകയായിരുന്നു.
ഒരിക്കലും പുറംലോകം കാണാനാവാത്ത അക്ഷരങ്ങളെ നമിച്ചിരിക്കാന്‍ ഇഷ്ട്ടമില്ലാത്തത് കൊണ്ട് തന്നെയാണ് എരിയുന്ന തീ കൂനയിലേക്ക് ഡയറി നിക്ഷേപിച്ചത്.

പിറ്റേന്ന് പുലര്‍ക്കാലത്തില്‍ വന്ന ഫോണ്‍ കോള്‍ എന്നെ വീണ്ടും പഴമയിലേക്കും അക്ഷരങ്ങളിലേക്കും മാടി വിളിച്ചു..


"മോനെ...,വല്ലതുമൊക്കെ എഴുതണുട്ടോ..,  നല്ലൊരു ഭാവിണ്ട് ട്ടോ..."

മറു തലക്കല്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ ഞാന്‍ തീകൂനയിലേക്ക് ഓടി..,ഒരുപിടി ചാരമാല്ലാതെ മറ്റൊന്നുമവിടെ അവശേഷിച്ചിരുന്നില്ല...,