Sunday, August 3, 2014

നെല്‍ച്ചെടി


ട്ടുച്ച നേരം,സ്കൂള്‍മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലേക്ക് ഒരു ക്ലാസ്സിലെ കുട്ടികള്‍ കൂട്ടമായി ഓടുന്നതു കണ്ടാണ്‌ പ്രധാനാദ്ധ്യാപകന്‍ ഓഫീസിനു പുറത്തേക്കു വന്നത്.വെയിലിന്‍റെ കാഠിന്യം പോലും വകവെക്കാതെയാണ് കുട്ടികളെല്ലാം ഓടുന്നത്,കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.പ്രധാനാദ്ധ്യാപകനും അവര്‍ക്കുപിന്നലെയോടി.

"ദൈവമേ കുട്ടികള്‍ക്ക് വല്ലതും സംഭവിച്ചോ..? 
നാളെ പി ടി എ മീറ്റിംഗ് കൂടിയാണല്ലോ..."

അദ്ദേഹത്തിന്‍റെ മനസ്സ് ആകുലപ്പെട്ടു.നട്ടുച്ചയില്‍ കുത്തനെ വീഴുന്ന സൂര്യകിരണങ്ങള്‍ പ്രധാനാദ്ധ്യാപകന്‍റെ കഷണ്ടിത്തലയില്‍ വീണു ചിതറി.ഗ്രൗണ്ടിന്‍റെ മൂലയിലേക്ക് ഇനിയും ദൂരമൊരുപാടുണ്ടെന്നു കണ്ടപ്പോള്‍ അദ്ധ്യാപകന്‍ ഒരുനിമിഷം നിന്നു കിതച്ചു,അദ്ദേഹം ചുറ്റുമൊന്നു കണ്ണോടിച്ചു.

"തണലേകാന്‍ ഒരൊറ്റ മരമെങ്കിലുമുണ്ടായിരുന്നെങ്കില്‍ !"

നടന്നും കിതച്ചും പ്രധാനാദ്ധ്യാപകന്‍ എത്തിച്ചേര്‍ന്നപ്പോള്‍ വട്ടം കൂടി നിന്നിരുന്ന കുട്ടികള്‍ വഴിയൊഴിഞ്ഞു കൊടുത്തു.അദ്ദേഹം പരിഭ്രമത്തോടെ ചോദിച്ചു 

"എന്താ പറ്റിയത്,എന്തിനാ എല്ലാവരും ഓടിയേ...?"

ഹെഡ് മാഷേ കണ്ടപ്പോള്‍ ഭയപ്പെടുന്നതിനു പകരം കുട്ടികളുടെ ആവേശം വര്‍ദ്ധിക്കുകയാണ് ചെയ്തത്.എല്ലാവരുടെയും ചുണ്ടുകള്‍ എന്തൊക്കെയോ പറയാന്‍ തുടിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ഒന്നും തന്നെ മിണ്ടിയില്ല,ക്ലാസ്സ്‌ ലീഡര്‍ ആണത് പറഞ്ഞത്,

"കഴിഞ്ഞ ദിവസം റെഡ് ഡാറ്റ യില്‍ ഉണ്ടെന്നു പറഞ്ഞ ചെടി ദാ മുളച്ചു വരുന്നു..,ഒരു നെല്‍ച്ചെടി !"

അദ്ധ്യാപകന്‍ തൊട്ടടുത്തുണ്ടായിരുന്ന പൂഴിമണല്‍ക്കൂനയിലേക്ക് തളര്‍ന്നിരുന്നു.അദ്ദേഹത്തിന്‍റെ മുഖത്ത് ആശ്വാസവും,ദേഷ്യവും,കുറ്റബോധവും,വാല്‍സല്യവുമെല്ലാം മിന്നി മറഞ്ഞു. അപ്പോഴും സൂര്യന്‍ മാഷിന്‍റെ കഷണ്ടിത്തല നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.

ശിഹാബുദ്ദീന്‍.കെ