Tuesday, June 10, 2014

ഒരു ഫേസ്ബുക്ക് പ്രണയം



റെ മടിച്ചാണ് ഫേസ്ബുക്കില്‍ കണ്ട നിറം മങ്ങിയ ആ പ്രൊഫൈലിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തത്.
പണ്ടെങ്ങോ മനസ്സിലൊരുപാട് താലോലിച്ചിരുന്ന ആ പേരിനോടുള്ള പ്രിയം കൊണ്ടു മാത്രമായിരുന്നു ഒരു ക്ലിക്കിനപ്പുറം വിരലുകള്‍ ചലിച്ചതും.
ഒറ്റ നോട്ടത്തില്‍ നിര്‍ജ്ജീവമെന്നു തോന്നിയിരുന്ന ആ പ്രൊഫൈലില്‍ നിന്നും ഒരു മറുപടി അപ്രതീക്ഷിതമായിരുന്നു.
അതിനേക്കാള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അറ്റാച്ച്മെന്റായി കോളേജ് ഡേയിലെ ആ ഗ്രൂപ്പ് ഫോട്ടോയും.. !


കനവിലന്നുമിന്നും പറയാന്‍ ബാക്കി വെച്ചതെന്തോക്കെയോ പറഞ്ഞുതീര്‍ക്കുവാനുള്ള വെമ്പലായിരുന്നു ഇന്‍ബോക്സില്‍ ഒരു "ഹായ്" ലൂടെ തുടക്കം കുറിക്കുമ്പോള്‍ മനസ്സില്‍.

യാമങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ പരസ്പരം തൊടുത്ത വാക്കുകള്‍ അങ്ങിങ്ങായ്‌ ചിതറി വീണപ്പോള്‍, മനസ്സില്‍ പഴയ പകയുടെ കനലാട്ടം ഒരവശിഷ്ടമായിപ്പോലും അവശേഷിക്കുന്നില്ലെന്നവനെയവള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

 പെണ്‍കൌശലം പകയില്ലെന്നവനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും അവനറിഞ്ഞിരുന്നില്ല, പണ്ടെങ്ങോ പകുത്തുനല്‍കിയ ഹൃദയത്തിന്‍റെ ശേഷിപ്പും ഹരിച്ചു ഗുണിച്ചവള്‍ ഹനിച്ചെടുക്കുമ്പോള്‍ ഒരു ബ്ലോക്കിനപ്പുറം താനെന്ന ശിഷ്ട്ടം പോലും അവശേഷിക്കുകയില്ലെന്ന്...!

Wednesday, June 4, 2014

ആദ്യവാക്ക്‌...

ബാല്യത്തിന്‍റെ ചുവടുകള്‍ക്കപ്പുറത്തു കൗമാരത്തിന്‍റെ മതില്‍ കെട്ട് ചാടി കടക്കാന്‍ വെമ്പുന്ന പത്താം ക്ലാസ്സുക്കാരന്‍. കളികളില്‍ നിന്നന്യം നിന്ന കുട്ടിത്തത്തിന്‍റെ  ഏകാന്തതകളില്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ കളിക്കൂട്ടുക്കാരായി തോളില്‍ കൈകള്‍ കോര്‍ത്തപ്പോള്‍ വിടരുന്ന കൊച്ചു കൊച്ചു മോഹങ്ങള്‍ കടലാസ്സു തുണ്ടുകള്‍ക്കപ്പുറത്തു ബ്ലോഗിങ് എന്നാ ആധുനികതയിലേക്ക് ചുവടൂന്നുകയാണ്. അക്ഷരങ്ങളില്‍ വിടരുന്ന കൗതുകങ്ങളില്‍ കണ്ണും നട്ടിരിക്കാനിഷ്ട്ടപ്പെടുന്നതിലും അത്ഭുതങ്ങള്‍ കോര്‍ത്തിണക്കാന്‍ ഏറെ മോഹം....